Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Tuesday, December 30, 2014

അദ്ധ്യാപക ബാങ്ക്

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും

            അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.

യു.ഐ.ഡി. അനുസരിച്ചുള്ള 2014-15 ലെ തസ്തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യു.ഐ.ഡി. അനുസരിച്ച് 2014-15 ലെ തസ്തികനിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തികനിര്‍ണ്ണയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം. കെ.ഇ.ആര്‍.പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തികനിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1 : 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ 1: 35 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തികനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്ക് വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്. സ്ഥലം മാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എ.ഇ.ഒ/ഡി.ഇ.ഒ ഉറപ്പുവരുത്തണം. 31.3.2011 ന് മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്ക്കാലിക നടപടി മാത്രമാണ് അദ്ധ്യാപക ബാങ്ക്. ഇനി അദ്ധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും എയ്ഡഡ് സ്‌കൂളില്‍ നിന്നും അധിമായി അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകരുടെ രണ്ട് പ്രത്യേക ലിസ്റ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. സീനിയോറിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ഉള്‍പ്പെടുത്തണം.

Saturday, October 25, 2014

UID CORRECTION

 സ്കൂളിലെ കുട്ടികളുടേയും ജീവനക്കാരുടയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ട്. (Click here School Employees Details ) കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് അദ്ധ്യാപക വര്‍ഗത്തിനു നാണക്കേടു വരുത്തിയതും നമ്മള്‍ കണ്ടു. എന്നാല്‍ ആറാം പ്രവര്‍ത്തിദിവസം നല്കിയ കണക്കും സമ്പൂര്‍ണ്ണയിലെ ആധാര്‍ പ്രകാരമുള്ള വിവരങ്ങളും വ്യത്യാസം കാണുന്നതിനാല്‍ അംഗീകരിക്കാനാകില്ലെന്നും വ്യാജ  (?) ആധാര്‍ ആണെന്നുമുള്ള ധാരണ പരന്നിരിക്കുകയാണ്. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ മാറ്റി ആധാരിലേതു പോലെയാക്കുകയോ ആധാരിലെ വിവരങ്ങള്‍ മാറ്റി സ്കൂള്‍ റജിസ്റ്ററിലേതു പോലെയാക്കുകയോ ചെയ്താലേ സ്കോളര്‍ഷിപ്പും ഉച്ചക്കഞ്ഞിയും സൌജന്യവും ലഭിക്കുകയുള്ളൂ. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ ജനനസര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളാകയാല്‍  മാറ്റാന്‍ പ്രയാസമാണ്. എന്നാല്‍ ആധാരിലെ വിവരങ്ങള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തെളിവ് നല്‍കി തിരുത്താം.

Wednesday, October 15, 2014

ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.

കൈകോട്ടുകടവ്: രണ്ട് ദിവസങ്ങളിലായി കൈകോട്ടുകടവ് പൂക്കോയതങ്ങള്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ എല്‍ പി, യു പി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്രമേളയില്‍ 455 വിദ്യാര്‍ത്ഥികളും ഗണിതമേളയില്‍ 327 വിദ്യാര്‍ത്ഥികളും ഐടി മേളയില്‍ 123 വിദ്യാര്‍ത്ഥികളും പ്രവൃത്തി പരിചയ മേളയില്‍‌ 983 വിദ്യാര്‍ത്ഥികളും സാമൂഹികശാസ്ത്ര മേളയില്‍ 305 വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രതിഭ തെളിയിച്ചു. 
മേളയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശ്രീ കരുണാകരന്‍ മേസ്ത്രി, ശ്രീ വി കെ ഭാവ, ശ്രീമതി നദീദ അബ്ദുല്‍ മജീദ് എന്നിവരും ചെറുവത്തൂര്‍ എ ഇ ഒ ശ്രീ കെ പി പ്രകാശ് കുമാര്‍, എം എ സി കുഞ്ഞബ്ദുള്ള ഹാജി, എം ടി പി സൈനബ, വി വി ഉണ്ണിക്കൃഷ്ണന്‍, ടി കെ അബൂസാലി, കെ വി രാഘവന്‍ മാസ്റ്റര്‍, കെ വി അമ്പു, പി ടി എ പ്രസിഡന്റ് എസ് അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപാള്‍ എം അബ്ദുല്‍റഷീദ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി സാവിത്രി നന്ദിയും പറഞ്ഞു.

Wednesday, October 8, 2014

ഉപജില്ലാ ശാസ്ത്രോത്സവം

     ചെറുവത്തുര്‍  ഉപജില്ലാ ശാസ്ത്രോത്സവം കൈക്കോട്ട്കടവ് സ്കുളില്‍ വച്ച് നടക്കുന്നു. 14, 15   തിയ്യതികളില്‍ കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്‌മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന മത്സരത്തില്‍  ഉപജില്ലയിലെ എല്‍ .പി ,യു .പി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 98 സ്കൂളുകളില്‍   നിന്നായി 2400 ഓളം  വിദ്യാർഥികളും  400 ഓളം   അധ്യാപകരും മേളയിൽ പങ്കെടുക്കും .രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 114 ഇനങ്ങളില്‍  പ്രതിഭകള്‍ മാറ്റുരക്കും .14  നു ഐ റ്റി മേളയും ശാസ്ത്ര -ഗണിതശാസ്ത്രമേളയും ,15 നു പ്രവൃത്തി പരിചയ മേള ,സാമൂഹ്യ ശാസ്ത്ര മേള എന്നിവയും നടക്കും .മേളയില്‍  പങ്കെടുക്കുന്ന സ്കൂളുകള്‍  ഓണ്‍ലൈന്‍ വഴി എന്‍ട്രി ഫോറം 8 നു 5  മണിക്ക് മുമ്പായി അപ്പ്‌ ലോഡ് ചെയ്യേണ്ടതാണ്‌ .മേളയുടെ സുഗമമായ നടത്തിപ്പിന് തൃക്കരിപുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി  സി ബഷീർ   ചെയര്‍മാനും പ്രിന്‍സിപ്പാള്‍ എം അബ്ദുല്‍ റഷീദ് കണ്‍വീനറുമായി 101 അംഗ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു .

Saturday, June 28, 2014

നമ്മുടെ വിദ്യാലയം

ഏഴ് പതിറ്റാണ്ടോളം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രതിരൂപമായി ഒട്ടേറെ തലമുറകളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച മഹാവിദ്യാലയമാണ് പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈകോട്ടുകടവ്. 1936 ല്‍ പ്രാഥമിക വിദ്യാലയമായി ആരംഭിക്കുകയും വളര്‍ച്ചയുടെ നാള്‍വഴികളിലൂടെ ഒരു ഗ്രാമത്തിന്റെ ചൈതന്യമായി മാറുകയും ചെയ്ത ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി കുട്ടികള്‍ പഠിക്കുന്നു. വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിനുതകുന്ന മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും കൈക്കോട്ടുകടവിലെ കുട്ടികള്‍ തങ്ങളുടെ പ്രതിഭ കൊണ്ട് പൊന്ന് ചാര്‍ത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.  
  ഒരോ കാലഘട്ടമാണ് അതിന്റെ വിദ്യാഭ്യാസ പ്രക്രിയ നിര്‍ണയിക്കുന്നത്. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് കാലത്തിനനുസരിച്ച് വിദ്യാഭ്യാസക്രമത്തില്‍ മാറ്റം വരുത്തണം എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ 2005 മുതല്‍ സകൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. രക്ഷിതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ മാറ്റത്തോട് ഉണ്ടായിട്ടുള്ളത്.
മികച്ച സ്കൂള്‍ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌‌ത്രം പറയുന്നു. ആകര്‍ഷകമായ കെട്ടിടങ്ങള്‍ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികള്‍, കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങള്‍ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂള്‍ ഉറപ്പു നല്‍കുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു
 
കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂള്‍ ക്ലബ്ബുകള്‍. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളര്‍ത്തുന്നതില്‍ സ്കൂളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സാര്‍ഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളില്‍‌ വളര്‍ത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു.