Breaking News

Maths Online Exam Score Click here first Second Third SAMAGRA CLICK HERE Rank list 2020 SSLC Model exam Click here

Tuesday, December 30, 2014

അദ്ധ്യാപക ബാങ്ക്

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും

            അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.

യു.ഐ.ഡി. അനുസരിച്ചുള്ള 2014-15 ലെ തസ്തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യു.ഐ.ഡി. അനുസരിച്ച് 2014-15 ലെ തസ്തികനിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തികനിര്‍ണ്ണയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം. കെ.ഇ.ആര്‍.പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തികനിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1 : 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ 1: 35 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തികനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്ക് വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്. സ്ഥലം മാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എ.ഇ.ഒ/ഡി.ഇ.ഒ ഉറപ്പുവരുത്തണം. 31.3.2011 ന് മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്ക്കാലിക നടപടി മാത്രമാണ് അദ്ധ്യാപക ബാങ്ക്. ഇനി അദ്ധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും എയ്ഡഡ് സ്‌കൂളില്‍ നിന്നും അധിമായി അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകരുടെ രണ്ട് പ്രത്യേക ലിസ്റ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. സീനിയോറിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ഉള്‍പ്പെടുത്തണം.